Friday, April 29, 2011

താരോദയം!!

കുറച്ചു നാളായി ലവന്മാരെ പറ്റി നാലെഴുതണമെന്ന് കരുതുന്നു, ഇപ്പോൾ അതിനു പറ്റിയ സമയമായതു കൊണ്ട് വെച്ച് നീട്ടുന്നില്ല.
ആരും പേടിക്കണ്ടാട്ടൊ, എന്റെ മൂന്ന് നാലു അനിയന്മാരെ പറ്റി നല്ല നാലു വാക്കുകൾ പറയാൻ പോവുകയാണ് എന്നാണ് ഉദ്ദേശിച്ചത് . ഞാൻ എഞിനീയറിങ്ങിനു പഠിച്ചത് ആലപ്പുഴ ജില്ലയിലെ ശ്രീ ബുദ്ധ കോളേജ് ഓഫ് എഞിനീയറിങ്ങിലാണ്, അവിടെ എനിക്ക്, കലയിലും സിനിമയിലും ഷോർട്ട് ഫിലിമിലും ഫോട്ടോഗ്രാഫിയിലും വെബ് ഡിസൈനിങ്ങിലുമൊക്കെ അപാര കമ്പവും കഴിവുമുള്ള മൂന്നു നാലു ജൂനിയർ പിള്ളാരെ കിട്ടി. മഹേഷ്, പ്രഫുൽ, ജിതിൻ, നിരഞ്ജൻ, അൻഷാദ്, രഞ്ജിത്ത് ഗോപാലകൃഷ്ണൻ, പ്രശാന്ത് ജേക്കബ് കോശി, വിപിൻ ജോൺ വിൽസൺ, കൃഷ്ണകുമാർ, ജയദേവ്, മന്മോഹൻ തുടങ്ങിയവർ.. കോളേജിൽ വെച്ചു തന്നെ ഇവർ പല കോമ്പറ്റീഷനുകളിൽ പങ്കെടുകുകയും,പങ്കെടുത്ത ഇടങ്ങളിലെല്ലാം  ഒന്നാം സമ്മാനം അല്ലെങ്കിൽ അതിനടുത്ത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു.. ആദ്യ കാലങ്ങളിൽ ഒന്നും ഇവരെ ശ്രദ്ധിക്കാൻ ആരും ഉണ്ടായിരുന്നില്ല. അങ്ങിനെയിരിക്കെ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട ഒരു സൃഷ്ടി ഇവരിൽ നിന്നും ഉണ്ടായി; ഒരു ഷോർട് ഫിലിം, Relations എന്നായിരുന്നു ആ കുഞ്ഞു സിനിമക്ക് അവരിട്ട പേർ.. മനോഹരമായ ഒരു ദൃശ്യാനുഭവമായിരുന്നു അത്. ഒരു നല്ല കൂട്ടുകാരനാൽ ഒരുവനുണ്ടാകുന്ന നല്ല മാറ്റങ്ങൾ,ബന്ധങ്ങളുടെ തീവ്രത ഒരുവനിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, വരച്ചിട്ടിരിക്കുന്നു ഇതിൽനിങ്ങൾക്ക് വേണ്ടി ഇവിടെ ചേർക്കുന്നു. 
അമൽ ജ്യോതി എഞിനീയറിങ്ങ് കോളെജിൽ നടത്തിയ ഷോർട് ഫിലിം മത്സരത്തിൽ ഇതിനു ഒന്നാം സമ്മാനം കിട്ടി, പിന്നീട് കേരളാ ചലച്ചിത്ര അക്കാഡമി നടത്തിയ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ കാമ്പസ് സിനിമ എന്ന വിഭാഗത്തിൽ ഈ ഫിലിം പ്രദർശിപ്പിക്കപ്പെട്ടു.

ഈ ഷോർട്ട് ഫിലിമോടെ കൂടി എല്ലാരും ഇവരെ കൂടി ശ്രദ്ധിക്കാൻ തുടങ്ങി. അടുത്തത് എപ്പോൾ എങ്ങിനെ എന്ന് എല്ലാവരും ചോദിക്കാനും തുടങ്ങി, ഏറെ നാൾ കാത്തിരിക്കേണ്ടി വന്നില്ല അടുത്തത്;മറ്റൊരു കിടിലൻ ഐറ്റം(ഓർക്കണം സിനിമയെ തിയേറ്ററിൽ കണ്ടതല്ലാതെ ഈ ടീമിൽ ഒരുത്തനു പോലും സിനിമയുമായി ഒരു ബന്ധവും ഇല്ല,അപ്പോൾ ഇതൊക്കെ കിടിലം സംഭവങ്ങൾ തന്നെയാ) ഇറങ്ങി, അതിലെ ആ ക്ലൈമാക്സ് എഡിറ്റിങ്ങ് ഒക്കെ ഒന്നു കണ്ട് നോക്കണം. രണ്ടാമത്തെ ഷോർട്ട് ഫിലിമിന്റെ പേർ 'ഓർമ്മകളിൽ'. വളരെ നാളുകൾക്ക് ശേഷം കാമ്പസ്സിൽ തിരികെയെത്തുന്ന ഒരാളുടെ മനസ്സായിരുന്നു ആ ഫിലിം.ഒന്ന് കണ്ട് നോക്കൂ
ഇതിനു കാലടിയിലെ ആദി ശങ്കരാ കോളേജിൽ നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സമ്മാനം കിട്ടി.

അപ്പോൾ ഇനി കാര്യത്തിലേക്ക് കടക്കാം, ഇവരുടെ മൂന്നാമത് ഷോർട്ട് ഫിലിമിന്റെ പ്രദർശനം ഉണ്ട് ഈ വരുന്ന ഞായറാഴ്ച, പേർ "നൂലില്ലാപട്ടം/Noolillapattam". മഴസംഗീത ഗ്രാമം സംഘടിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പ്രദർശനത്തിൽ ഇവരുടെ ചിത്രവും പ്രദർശിപ്പിക്കുന്നു.ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട് എന്ന സ്ഥലത്തെ മജെസ്റ്റിക്ക് ഓഡിറ്റോറിയത്തിലാണ് പ്രദർശനം നടത്തുന്നത്. 
ഇതാ അതിന്റെ ട്രെയിലർ. കണ്ട് നോക്കൂ.
ഈ ഷോർട്ട് ഫിലിമുകൾ എല്ലാം സംവിധാനം ചെയ്തതും തിരക്കഥയെഴുതിയതും എന്റെ പ്രീയപ്പെട്ട അനിയൻ മഹേഷ് ആണ്. അവന്റേയും അവന്റെ ടീമിന്റേയും ഈ കലാസൃഷ്ടി ആസ്വദിക്കാൻ നിങ്ങളേവരേയും ഹാർദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു. ഈ ഷോർട്ട് ഫിലിമിന്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ചവരുടെ പേരു വിവരം താഴെ
പ്രദർശനശാലയിലേക്കൂള്ള വഴി മാപ്പ് രൂപത്തിൽ 

[NB:  എല്ലാവരും വരണം കേട്ടോ.. കാണുക, പ്രോത്സാഹിപ്പിക്കുക]

update:
 ഷോർട്ട് ഫിലിം റിലീസായി..

Related Posts Plugin for WordPress, Blogger...